കർഷക വിദ്യാപീഠത്തിന്റെ രണ്ട് ഭാരവാഹികൾക്ക് ജൈവവൈവിധ്യ സംരക്ഷക കർഷകരായി അംഗീകാരം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പദ്ധതിയിൽ അബ്ദുള്ള ഇടക്കാവിനും രവീന്ദ്രൻ കൊടക്കാടിനും അംഗീകാരം

കാസർകോട്, ഒക്ടോബർ 29: കർഷക വിദ്യാപീഠത്തിന്റെ രണ്ട് ഭാരവാഹികളെ കാർഷിക ജൈവവൈവിധ്യ സംരക്ഷക കർഷകരായി (Custodian Farmers) തിരഞ്ഞെടുത്തു. കർഷക വിദ്യാപീഠം ഡയറക്ടർ അബ്ദുള്ള ഇടക്കാവ്, അസോസിയേറ്റ് ഡയറക്ടർ രവീന്ദ്രൻ കൊടക്കാട് എന്നിവർക്കാണ് അംഗീകാരം ലഭിച്ചത്.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ധനസഹായത്തോടെ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ (ICAR–CPCRI) കീഴിലുള്ള കാസർകോട് കൃഷി വിജ്ഞാന കേന്ദ്രം നടപ്പാക്കുന്ന ‘Empowering Custodian Farmers for Agrobiodiversity Conservation in Kasaragod’ എന്ന പദ്ധതിയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ്.
E.K. Ayisha, treasurer, Karshaka Vidyapeedam receiving recognition on behalf of Abdulla Edakkave from Balakrishnan Pattali, former Member Biodiversity Board at KVK Kasaragod
പരമ്പരാഗത വിളയിനങ്ങൾ, അപൂർവ സസ്യജനിതക വിഭവങ്ങൾ, പ്രാദേശിക കാർഷിക ജൈവവൈവിധ്യം എന്നിവ സംരക്ഷിച്ചുവരുന്ന കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കർഷകരുടെ കൈവശമുള്ള വിലപ്പെട്ട ജനിതക വിഭവങ്ങളും അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളും രേഖപ്പെടുത്തുന്നതിനും അവയുടെ തുടർസംരക്ഷണത്തിന് പിന്തുണ നൽകുന്നതിനും പദ്ധതി പ്രാധാന്യം നൽകുന്നു.
ഒക്ടോബർ 29-ന് കാസർകോട് സിപിസിആർഐയിലെ ഡി.ജെ. ഹാളിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ മെംബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ പട്ടാളി അംഗീകാര സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. വിദേശത്തായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അബ്ദുള്ള ഇടക്കാവിനുവേണ്ടി സഹോദരിയും കർഷക വിദ്യാപീഠം ട്രഷററുമായ ഇ.കെ. ആയിഷ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കർഷകർ സ്വന്തം കൃഷിയിടങ്ങളിൽ തലമുറകളായി സംരക്ഷിച്ചുവരുന്ന നാടൻ വിളയിനങ്ങളും അപൂർവ സസ്യവിഭവങ്ങളും ഭക്ഷ്യസുരക്ഷയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ഏറെ പ്രാധാന്യമുള്ളവയാണ്. ഇത്തരം വിഭവങ്ങളുടെ സംരക്ഷണത്തിൽ കർഷകർ വഹിക്കുന്ന പങ്കിന് ശാസ്ത്രീയവും സ്ഥാപനപരവുമായ പിന്തുണ ലഭ്യമാക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
അംഗീകാരം കൂടുതൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനമാണെന്ന് അബ്ദുള്ള ഇടക്കാവ് പ്രതികരിച്ചു. കൃഷി തനിക്ക് കേവലം ഒരു ഉപജീവനമാർഗമല്ലെന്നും മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചുകൊണ്ട് നാട്ടിലെ തനത് കാർഷിക സമ്പത്തും അപൂർവ സസ്യയിനങ്ങളും സംരക്ഷിക്കാനുള്ള ജീവിതയാത്രയാണെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ പൂർവികർ നമുക്ക് കൈമാറിയ കാർഷിക പൈതൃകവും ജൈവവൈവിധ്യവും വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.
അംഗീകാരത്തിന് പരിഗണിച്ച കാസർകോട് കൃഷി വിജ്ഞാന കേന്ദ്രത്തിനും സിപിസിആർഐ അധികൃതർക്കും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിനും അദ്ദേഹം നന്ദി അറിയിച്ചു.
അബ്ദുള്ള ഇടക്കാവിനെയും രവീന്ദ്രൻ കൊടക്കാടിനെയും കർഷക വിദ്യാപീഠം അഭിനന്ദിച്ചു.




Comments